Sivasankar has no heart-related ailments ; will be under observation for 24 hours | Kaumudy

17 ਅਕਤੂਬਰ 2020
675 ਦ੍ਰਿਸ਼

തിരുവനന്തപുരത്ത് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിന് ഇന്ന് ആന്‍ജിയോഗ്രാം നടത്തും. ശിവശങ്കറിന്റെ ആരോഗ്യനിലയില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നാണ് ഡോക്ടര്‍മാര്‍ കസ്റ്റംസിനെ അറിയിച്ചത്. ഇസിജിയില്‍ വ്യത്യാസമുള്ളതു കൊണ്ടാണ് ആന്‍ജിയോ ഗ്രാം നടത്താന്‍ ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചത്. ഇതിനുശേഷം ഡോക്ടര്‍മാര്‍ ശിവശങ്കറിന്റെ ആരോഗ്യ നിലയെക്കുറിച്ച് നല്‍കുന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാകും കസ്റ്റംസ് തുടര്‍നടപടികള്‍ സ്വീകരിക്കുന്നത്. കാര്‍ഡിയാക് ഐസിയുവിലാണ് അദ്ദേഹം ഇപ്പോഴുള്ളത്. എത്രനാള്‍ ഇവിടെ അദ്ദേഹം തുടരുമെന്നതില്‍ വ്യക്തതയില്ല. ഇന്നലെ വൈകുന്നേരം ചോദ്യം ചെയ്യാനായി കസ്റ്റംസ് ഉദ്യോഗസ്ഥര്‍ വാഹനത്തില്‍ കൊണ്ടു പോകുമ്പോഴാണ് ശിവശങ്കറിന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. ശിവശങ്കറിന്റെ ആരോഗ്യനിലയെ കുറിച്ച് ഇന്ന് വിശദമായ മെഡിക്കല്‍ ബുള്ളറ്റിനും ആശുപത്രി അധികൃതര്‍ പുറത്തിറക്കും.
എം ശിവശങ്കറിന്റെ ചോദ്യം ചെയ്യല്‍ നിര്‍ണായകമായ വഴിത്തിരിവില്‍ എത്തിയപ്പോഴാണ് അദ്ദേഹം ആശുപത്രിയില്‍ അനാരോഗ്യം മൂലം പ്രവേശിപ്പിക്കപ്പെടുന്നത്. നേരത്തേ സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ടാണ് അദ്ദേഹത്തെ പല തവണ കസ്റ്റംസ് അടക്കമുള്ള ഏജന്‍സികള്‍ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചതെങ്കില്‍, ഇത്തവണ സമന്‍സ് നല്‍കിയത് പുതിയൊരു കേസിലാണ്. സ്വപ്ന സുരേഷ് വിദേശത്തേക്ക് ഡോളര്‍ അടക്കമുള്ള വിദേശനാണ്യം കടത്തിയ കേസില്‍ എമിഗ്രേഷന്‍ വിഭാഗത്തില്‍ നിന്നും കസ്റ്റംസ് വിവരങ്ങള്‍ ശേഖരിച്ചു. സ്വപ്നയ്ക്ക് ഒപ്പം വിദേശയാത്ര നടത്തിയവരുടെ വിവരങ്ങളാണ് ശേഖരിച്ചത്. ഇതോടൊപ്പം സ്വര്‍ണക്കടത്ത് കേസിലെ പ്രതി സന്ദീപ് നായര്‍ നല്‍കിയ നിര്‍ണായകമൊഴിയില്‍ ശിവശങ്കറിനെതിരെ സുപ്രധാന വിവരങ്ങളുണ്ട് എന്നാണ് സൂചന. ഇതെല്ലാം ചേര്‍ത്ത് പുതുതായി റജിസ്റ്റര്‍ ചെയ്ത കേസിലാണ് ശിവശങ്കറിന് ചോദ്യം ചെയ്യാന്‍ സമന്‍സ് നല്‍കിയതെന്നാണ് വിവരം. ഇതിന് മുമ്പ് രണ്ട് തവണ ചോദ്യം ചെയ്യാനായി കസ്റ്റംസ് ശിവശങ്കറിനെ വിളിച്ചിരുന്നെങ്കിലും അദ്ദേഹം ഒഴിഞ്ഞുമാറുകയായിരുന്നു. കഴിഞ്ഞ ചൊവ്വാഴ്ച വിളിച്ചെങ്കിലും അദ്ദേഹം എത്താനാകില്ലെന്ന് പറഞ്ഞു. അതിന് ശേഷം, വെള്ളിയാഴ്ചയും അദ്ദേഹത്തെ കസ്റ്റംസ് വിളിച്ചു. അപ്പോഴും അസുഖമുണ്ടെന്നും, ആരോഗ്യപ്രശ്നമുണ്ടെന്നും അദ്ദേഹം കസ്റ്റംസിനോട് പറഞ്ഞു. എന്താണ് അസുഖമെന്ന കസ്റ്റംസ് ഉദ്യോഗസ്ഥരുടെ ചോദ്യത്തിന് എം ശിവശങ്കര്‍ കൃത്യമായ വിവരങ്ങള്‍ നല്‍കിയതുമില്ല. ഇതേത്തുടര്‍ന്നാണ് കസ്റ്റംസ് നേരിട്ടെത്തി ശിവശങ്കറിന് ചോദ്യം ചെയ്യാന്‍ ആവശ്യപ്പെട്ട് നോട്ടീസ് നല്‍കുന്നത്. അത് പരിശോധിച്ചപ്പോഴാണ് സ്വര്‍ണക്കടത്ത് കേസല്ല, പുതിയൊരു കേസ് നമ്പറാണ് നോട്ടീസിലുള്ളതെന്ന് എം ശിവശങ്കറിന് മനസ്സിലായത്. കസ്റ്റംസ് ആക്ടിലെ 108 പ്രകാരം അന്വേഷണ ഉദ്യോഗസ്ഥന് കേസില്‍ ബന്ധമുണ്ടെന്ന് വിവരം ലഭിക്കുന്നവരെ വിളിച്ചുവരുത്താനുള്ള നോട്ടീസാണ് ശിവശങ്കറിന് നല്‍കിയത്. ഇതിന് പിന്നാലെ നോട്ടീസിലെ വിവരങ്ങള്‍ കൊച്ചിയിലെ അഭിഭാഷകരുമായി ശിവശങ്കര്‍ ചര്‍ച്ച ചെയ്തു. ചോദ്യം ചെയ്യല്‍ നീട്ടിവയ്ക്കാന്‍ കഴിയുമോ എന്ന് വീണ്ടും ശിവശങ്കര്‍ ഉദ്യോഗസ്ഥരോട് ആരാഞ്ഞു. ഇല്ല, വന്നേ തീരൂ എന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞതോടെ, അദ്ദേഹം വീട്ടില്‍ നിന്ന് ഉദ്യോഗസ്ഥരോടൊപ്പം തിരുവനന്തപുരത്തെ കസ്റ്റംസ് ഓഫീസിലേക്ക് പോകുന്നതിനിടെയാണ് ദേഹാസ്വാസ്ഥ്യമുണ്ടായത്. വിദേശത്തേക്ക് ഡോളര്‍ കടത്തിയതുമായി ബന്ധപ്പെട്ട് പുതിയ ഒക്കറന്‍സ് റിപ്പോര്‍ട്ട് കസ്റ്റംസ് കൊച്ചിയിലെ സാമ്പത്തിക കുറ്റകൃത്യങ്ങള്‍ പരിഗണിക്കുന്ന കോടതിയില്‍ സമര്‍പ്പിച്ചിട്ടുണ്ടെന്ന് കൊച്ചി ബ്യൂറോ റിപ്പോര്‍ട്ട് ചെയ്യുന്നു. എഫ്‌ഐആറിന് പകരം കസ്റ്റംസ് ഇത്തരത്തില്‍ പുതിയ കേസിനുള്ള പ്രാഥമികറിപ്പോര്‍ട്ടിന് പറയുന്ന പേര് ഒക്കറന്‍സ് റിപ്പോര്‍ട്ട് എന്നാണ്. സ്വപ്ന സുരേഷ് 1,90,000 ഡോളര്‍ വിദേശത്തേക്ക് പല ഘട്ടങ്ങളിലായി കടത്തിയിട്ടുണ്ട് എന്നാണ് കസ്റ്റംസ് കണ്ടെത്തിയിട്ടുള്ളത്. ആ ഘട്ടങ്ങളിലെല്ലാം ശിവശങ്കറും സ്വപ്നയ്ക്ക് ഒപ്പം ഉണ്ടായിരുന്നു. ഇതേക്കുറിച്ച് ശിവശങ്കറിന് അറിവുണ്ടായിരുന്നു എന്ന സൂചനകളാണ് കസ്റ്റംസിന് ലഭിച്ചിരിക്കുന്നത്. അതിനാലാണ് വെള്ളിയാഴ്ച വൈകിട്ട് ചോദ്യം ചെയ്യലിന് നോട്ടീസ് നല്‍കിയത്. അതും കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കാവുന്ന സമയം കഴിഞ്ഞ ശേഷം. ശനിയും ഞായറും കോടതി അവധിയായതിനാല്‍, മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതിയില്‍ നല്‍കാന്‍ ശിവശങ്കറിന് കഴിയില്ല. ഇതടക്കം പരിഗണിച്ച്, ഉടന്‍ ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് നേരിട്ട് നോട്ടീസ് നല്‍കി അദ്ദേഹത്തെ കൂട്ടിക്കൊണ്ടുപോകുന്നതിനിടെയാണ് ശിവശങ്കറിന് ദേഹാസ്വാസ്ഥ്യമുണ്ടാകുന്നത്.

PAworld